Kerala
തിരുവനന്തപുരം: വർക്കല ചേന്നൻകോട് ഒറ്റൂരിൽ വയോധികരെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില് കണ്ടെത്തി. ചേന്നൻകോട് സ്വദേശി സുകുമാരൻ, ഓമന എന്നിവരാണ് മരിച്ചത്.
ഓമനയുടെ ഭർത്താവിന്റെ സഹോദരനാണ് സുകുമാരൻ. ഓമനയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു തുടർന്ന് ഇവർ ഒരുമിച്ചായിരുന്നു താമസം.
മണ്ണെണ്ണ പോലെയുള്ള ദ്രാവകം ദേഹത്തൊഴിച്ച് തീപിടിച്ചാണ് ഇരുവരുടെയും മരണം. ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളിൽ നിന്നും പുക വരുന്നത് കണ്ട് സമീപത്തുള്ളവർ നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻതന്നെ ഫയർഫോഴ്സും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി തീ അണച്ചു.
ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുൽ അറസ്റ്റിൽ. വർക്കല സ്വദേശി ആരതി(27) ആണ് ജീവനൊടുക്കിയത്. ആത്മഹത്യാപ്രേരണ കുറ്റവും ഗാര്ഹിക പീഡനവും ചുമത്തിയാണ് അറസ്റ്റ്.
അതുലിനെതിരെ തെളിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. അതുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരതിയുടെ ദേഹത്ത് മർദനത്തിന്റെ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ആരതി ആറ്റുകാലിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ചത്. ഭർത്താവ് അതുൽ മർദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതി ജീവനൊടുക്കിയത്. അതുലിന്റെ പീഡനം കാരണമാണ് ആരതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.
അതുൽ മർദിച്ചതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഒന്നരവർഷം മുമ്പാണ് വർക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത്. ആറ് മാസം മുമ്പാണ് ഇവര് ആറ്റുകാലിലെ വാടക വീട്ടിലേക്ക് മാറിയത്.
Kerala
തിരുവനന്തപുരം: വർക്കല കെഎഫ്സി ഔട്ട്ലെറ്റിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ സൂക്ഷിച്ച പഴകിയ ചിക്കൻ പിടിച്ചെടുത്ത് മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം. മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ചിക്കൻ കണ്ടെത്തിയത്.
രണ്ട് കിലോ വീതമുള്ള 90 പാക്കറ്റുകളിലാണ് പഴകിയ മാംസം പിടികൂടിയതെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ആരോഗ്യവിഭാഗം ഔട്ട്ലെറ്റിന്റെ കിച്ചണിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ നിലത്ത് കോഴിയുടെ മാംസം രക്തത്തോട് കൂടി കിടക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.
ഫ്രീസറിൽ സൂക്ഷിച്ച് ഉപയോഗിക്കേണ്ട മാംസമാണ് വൃത്തിഹീനമായ അന്തരീക്ഷത്തിലുണ്ടായിരുന്നത്. ഇന്ന് പ്രത്യേക ഓഫറുകളടക്കം പ്രഖ്യാപിച്ച് വിൽപന നടത്തുന്നതിനിടെയായിരുന്നു പരിശോധന. പിടിച്ചെടുത്ത മാംസം നഗരസഭ ഉദ്യോഗസ്ഥർ നശിപ്പിച്ചെന്നും സ്ഥാപനത്തിന് നോട്ടീസ് നൽകിയെന്നും അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: വര്ക്കലയില് യുവാവ് കായലില് മുങ്ങി മരിച്ചു. കാപ്പില് ബീച്ചിന് സമീപത്തുള്ള കായലിലാണ് യുവാവ് മുങ്ങി മരിച്ചത്. അഞ്ചല് പനച്ചവിള കമലാവിലാസത്തില് കെ കണ്ണന് (42) ആണ് മരിച്ചത്.
ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എങ്ങനെയാണ് കായലില് വീണതെന്ന് വ്യക്തമല്ല. പോസ്റ്റുമോര്ട്ടം നടപടികള്ക്കുശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കും.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വീട്ടമ്മയക്ക് പാമ്പുകടിയേറ്റു. വര്ക്കല താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഷംനയ്ക്കാണ് പാമ്പുകടിയേറ്റത്. വീട്ടിലെ കിണറിന് സമീപത്ത് വച്ചായിരുന്നു പാമ്പുകടിയേറ്റത്.
കാലിന്റെ രണ്ട് സ്ഥലത്തായി പാമ്പുകടിച്ചതായാണ് പ്രാഥമിക നിഗമനം. ഷംനയെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. അതേസമയം പോത്തന്കോട് വിദ്യാര്ഥിനിയെ പാമ്പുകടിച്ചു.
വേങ്ങോട് സ്വദേശിനി ദുര്ഗ(18)യെ ആണ് പാമ്പുകടിച്ചത്. ബന്ധുവിന്റെ വീട്ടില് പോയി മടങ്ങുന്നതിനിടെയായിരുന്നു ദുര്ഗയ്ക്ക് പാമ്പുകടിയേറ്റത്. പെണ്കുട്ടി നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ക്ലിഫിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് ശങ്കരൻകോവിൽ സ്വദേശിയായ ടി. മുരുകൻ ആണ് മരിച്ചത്.
ഏപ്രിൽ അഞ്ചിന് ആയിരുന്നു അപകടമുണ്ടായത്. മദ്യലഹരിയിലായിരുന്ന ഇയാൾ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വീണതാണെന്നാണ് വിവരം. ക്ലിഫിന് മുകളിൽ നിന്നും ഏകദേശം 50 അടി താഴ്ചയിലേക്കായിരുന്നു ഇയാൾ വീണത്.
വീഴ്ചയിൽ മുരുകന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Kerala
തിരുവനന്തപുരം: വർക്കല പാപനാശം ക്ലിഫിൽ സെൽഫി എടുക്കുന്നതിനിടെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു. ഞായറാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ പരിക്കേറ്റ തമിഴ്നാട് തിരുനെൽവേലി സ്വദേശി ശരവണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹെലിപാഡിന് സമീപമുള്ള ക്ലിഫ് ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശരവണൻ താഴേക്ക് പതിച്ചത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടന്ന് കുന്നിന്റെ അറ്റത്ത് നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു.
അപകടമുണ്ടായ ഉടൻ തന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ പുറത്തെത്തിച്ചത്. പരിക്കേറ്റ ശരവണൻ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
Kerala
തിരുവനന്തപുരം: വർക്കലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ വിദേശ വനിത മരിച്ചു. ഫ്രാൻസ് സ്വദേശി ക്രിസ്റ്റിൻ (63) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ക്രിസ്റ്റീൻ. ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റീൻ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായത്തിൽ നിന്നുള്ളവരെ ജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ മത്സരിപ്പിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ശിവഗിരി മഠം.
വർക്കല ശിവഗിരി മഠത്തിലെ ഗുരു സമാധിയിൽ രാഹുൽ ഗാന്ധി സന്ദർശനത്തിന് എത്തിയപ്പോഴാണ് ശിവഗിരി മഠം ആവശ്യം ഉന്നയിച്ചത്. ശിവഗിരി മഠത്തിലെ സ്വാമിമാരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് തെരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായത്തിന് പരിഗണന വേണം എന്ന ആവശ്യം ഉന്നയിച്ചത്.
പിന്നാക്ക സമുദായത്തിൽ നിന്നുള്ളവർക്കു ജയ സാധ്യതയുള്ള മണ്ഡലങ്ങൾ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഇക്കാര്യം പരിശോധിക്കാമെന്നു രാഹുൽ മറുപടി നൽകിയതായും ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പിന്നീട് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
കഴിഞ്ഞ ദിവസം കൊല്ലത്ത് ശ്രീനാരായണ ഗുരു- മഹാത്മാഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. പിന്നാലെയാണ് ഇന്നലെ ശിവഗിരി മഠം സന്ദർശിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപി, യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ് എംപി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം ഗുരുവിനെ ഗാന്ധിജിയും ടാഗോറും വന്നുകണ്ട വൈദിക മഠത്തിൽ സന്ദർശനം നടത്തി. ഇതിനുശേഷം ശാരദാമഠം സന്ദർശിച്ചു.
Kerala
വർക്കല: തിരുവനന്തപുരം വർക്കലയിൽ പിരിഞ്ഞുതാമസിച്ചിരുന്ന ഭാര്യയെ കാറിനുള്ളിൽ വച്ച് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. മകനെ കാട്ടി തരാമെന്ന് വാഗ്ദാനം ചെയ്താണ് യുവതിയെ ഭർത്താവ് തന്ത്രപരമായി കാറിനുള്ളിൽ കയറ്റിയത്.
തുടർന്ന് യുവതിയെ വാഹനത്തിനുള്ളിൽ വച്ച് മർദിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഭർത്താവ് സിജു സോമനെതിരെ പോലീസ് കേസെടുത്തു. ഡോറുകളും വിൻഡോ ഗ്ലാസുകളും ലോക്ക് ചെയ്ത ശേഷമായിരുന്നു പ്രതി യുവതിയെ മർദിച്ചത്. ഇതിനിടെ ഇയാൾ യുവതിയുടെ വായിൽ തുണിയും തിരികിയിരുന്നു.
കുഞ്ഞിനെ കാണിക്കാമെന്ന് അറിയിച്ചതനുസരുിച്ച് യുവതി മകന് നൽകാൻ ഭക്ഷണവുമായി മറ്റൊരു വാഹനത്തിലാണെത്തിയത്. വഴിയരികിൽ നിന്ന് ഭക്ഷണം നൽകുന്നതെങ്ങനെയെന്ന് ചോദിച്ച് ഇയാൾ യുവതിയെ കാറിൽ കയറ്റുകയായിരുന്നു.
ഡോറുകൾ ലോക്ക് ചെയ്തതോടെ യുവതിക്ക് മറ്റാരുടെയും സഹായം തേടാനോ രക്ഷപ്പെടാനോ സാധിച്ചില്ല. റോഡരികിൽ കാർ നിർത്തിയിട്ടിരിക്കുന്നതിനെ തുടർന്ന് നാട്ടുകാർ ഡോർ തുറക്കാൻ ആവശ്യപ്പെട്ടതോടെ പ്രതി കാർ മുന്നോട്ടെടുത്തു.
ഇതോടെ കൂടുതൽ നാട്ടുകാരെത്തി വാഹനം തടഞ്ഞു. യുവാവ് ഡോർ തുറന്നതോടെ യുവതി പുറത്തേക്ക് ചാടുകയായിരുന്നു. യുവതിക്ക് കഴുത്തിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
Kerala
തിരുവനന്തപുരം: ശിവഗിരി മഠത്തിലെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി. ഏതാണ്ട് മുക്കാല് മണിക്കൂറോളം മഠത്തില് ചെലവഴിച്ച രാഹുല് ശ്രീനാരായണ ഗുരുദേവ സമാധിയിൽ ദർശനം നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന രാഷ്ട്രീയത്തിലും ശിവഗിരി മഠത്തിന്റെ നിലപാട് രാഹുലിനെ അറിയിച്ചതായി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങൾ മുഖ്യധാരയിൽ നിന്ന് പിന്തള്ളപ്പെട്ടുപോകുകയാണെന്നും അവരെ കൂടി പരിഗണിക്കണമെന്നും സ്വാമി സച്ചിദാനന്ദ രാഹുലിനോടു പറഞ്ഞു.
ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ അവർക്ക് സീറ്റ് അനുവദിക്കണമെന്ന ആവശ്യം രേഖാമൂലം രാഹുലിനു നൽകുകയും ചെയ്തു. അതേസമയം പേരുകളോ മണ്ഡലങ്ങളോ മഠം നിർദേശിച്ചിട്ടില്ലെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
എംപിമാരായ കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു.
Business
തൃശൂർ: ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ (ഐസിസിഎസ്എൽ) കണ്വൻഷൻ സെന്റർ വർക്കലയിൽ ചെയർമാൻ ഡോ. സോജൻ വി. അവിരാച്ചൻ ഉദ്ഘാടനം ചെയ്തു.
പൂജ്യത്തിൽനിന്നാണു സൊസൈറ്റി ഇന്നു കാണുന്ന നിലയിലെത്തിയതെന്നും രാപകൽ ഒപ്പംനിന്നവർക്കുള്ള സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഐസിസിഎസ്എല്ലിനൊപ്പം നിന്നവരുടെ ജീവിതനിലവാരം ഉയർത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. നൂതന ബാങ്കിംഗ് സംവിധാനം നടപ്പാക്കുകയാണ് ഇനിയുള്ള ലക്ഷ്യം.
ആധുനിക സോഫ്റ്റ്വേർ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും. സഹകാരികൾക്കു സംശയനിവാരണത്തിനു ടോൾഫ്രീ നന്പർ നിലവിൽ വരും. എല്ലാ സഹകാരികൾക്കുമുള്ള ഹെൽത്ത് പോളിസിയും ചെയർമാൻ പ്രഖ്യാപിച്ചു.
മികച്ച പ്രകടനം കാഴ്ചവച്ച ഐസിസിഎസ്എൽ ബ്രാഞ്ചുകൾക്കും ജീവനക്കാർക്കുമുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ദേശീയപാത-66ൽനിന്നു വർക്കല ബീച്ചിലേക്കും ശിവഗിരി മഠത്തിലേക്കുമുള്ള വഴിയിൽ വടശേരിക്കോണത്താണ് ഐസിസിഎസ് കണ്വൻഷൻ സെന്റർ. 2000 സീറ്റുകളുള്ള മെയിൻ ഹാൾ, 650 സീറ്റുകളുടെ മിനി ഹാൾ, ഡൈനിംഗ് ഹാൾ, നാല് എസി സ്യൂട്ട് റൂമുകൾ, ബ്രൈഡൽ സ്യൂട്ട് എന്നിവയാണു പ്രത്യേകതകൾ. രണ്ടു ഹാളിലും ആധുനിക ഓഡിയോ- വിഷ്വൽ സംവിധാനങ്ങളും പ്രഫഷണൽ സൗണ്ട് എൻജിനിയറിംഗും ഡിസൈനർ ലൈറ്റിംഗും 24 മണിക്കൂർ ജനറേറ്റർ സൗകര്യവുമുണ്ട്. 350 കാറുകൾക്കും 250 ഇരുചക്രവാഹനങ്ങൾക്കുമുള്ള വാലെറ്റ് പാർക്കിംഗ് സേവനവും ഒരുക്കി. സഹകാരികളുടെ ബുക്കിംഗിനു പ്രത്യേക ഇളവുണ്ടാകും.
വിവാഹങ്ങൾ, കോണ്ഫറൻസുകൾ, സെമിനാറുകൾ, കോർപറേറ്റ് ഇവന്റുകൾ, സെയിൽസ് പ്രമോഷൻ, വാഹന എക്സപോ, ട്രേഡ് ഫെയറുകൾ, പ്രോഡക്ട് ലോഞ്ചിംഗ്, എക്സിബിഷൻ, മെഡിക്കൽ കോണ്ഫറൻസ്, ലൈവ് എന്റർടെയ്മെന്റ് ഷോ എന്നിവയ്ക്ക് ഉതകുന്നവിധത്തിലാണ് ഐസിസിഎസ് കണ്വൻഷൻ സെന്റർ.
ചടങ്ങിൽ ഐസിസിഎസ്എൽ മാനേജിംഗ് ഡയറക്ടർ ആർ. വെങ്കിട്ടരമണ, സിഇഒ മീനു ജോണ്, ജനറൽ മാനേജർ നിഥിൻ കുമാർ ഝാ, ഡപ്യൂട്ടി ജനറൽ മാനേജർമാരായ പി.സി. ജോണി, വി. മോഹൻകുമാർ, സീനിയർ അഡ്വൈസറി ഓഫീസർമാരായ എ.സി. ജോസ്, കെ. ഹരിദാസ്, ശ്രീനിവാസ ഹെഗ്ഡെ, എ.വി. കമൽനാഥൻ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കലയിൽ വി.ജോയിയെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. തുടർച്ചയായി ജോയിയെ തന്നെ മത്സരിപ്പിക്കുന്നത് സ്ഥാനാർത്ഥിയാക്കാൻ മറ്റാരും ഇല്ലാത്തതുകൊണ്ടാണോ എന്ന ചോദ്യം യോഗത്തിൽ ഉയര്ന്നു.
ജില്ലാ സെക്രട്ടറിയായിരിക്കെ പ്രത്യേക ഇളവ് നൽകി വീണ്ടും ജോയിയെ മത്സരിപ്പിക്കുന്നത് എന്തിനെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ വിമർശനം. സെക്രട്ടറിമാരെ മത്സരിപ്പിക്കേണ്ട ധാരണ തെറ്റിച്ചെന്നും വിമര്ശനം ഉയര്ന്നു. സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാനാണ് തീരുമാനം.
അങ്ങനെയാണ് ജോയിയെ സ്ഥാനാർത്ഥിയാകുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു. വർക്കല എംഎൽഎയും ജില്ലാ സെക്രട്ടറിയുമായിരിക്കെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ ജോയ് സ്ഥാനാർത്ഥിയായി. തോറ്റതിന് പിന്നാലെ സെക്രട്ടറി പദത്തിൽ തുടർന്നു.
ഇതിന് പിന്നാലെയാണ് വര്ക്കലയിൽ വീണ്ടും മത്സരിക്കുന്നത്. ജോയി മത്സരിക്കുന്നതിനാൽ എ.എ.റഹിമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകി.
Kerala
തിരുവനന്തപുരം: കെഎസ്ആര്ടിസി ബസ് യാത്രയ്ക്കിടെ യുവതിയെ ശല്യം ചെയ്ത കേസിലെ പ്രതി ലോഡ്ജിൽ മരിച്ച നിലയിൽ. ബാലരാമപുരം സ്വദേശി വിമൽകുമാർ ആണ് മരിച്ചത്. വർക്കലയിലെ ലോഡ്ജിലാണ് വിമൽകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് കെഎസ്ആര്ടിസി ബസിൽ യാത്ര ചെയ്ത വനിത അഭിഭാഷകയെ ശല്യം ചെയ്തെന്ന പരാതിയിൽ ഇയാൾക്കെതിരെ മംഗലപുരം പോലീസ് കേസെടുത്തിരുന്നു.
ദൃശ്യങ്ങൾ സഹിതമാണ് യുവതി പരാതി നൽകിയത്. ഇതേ തുടർന്ന് വിമൽകുമാറിനായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മരണം. യുവതിയുടെ പരാതിയിൽ കേസ് നമ്പർ സഹിതം ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വിമൽകുമാറിനെ മുറിക്ക് പുറത്ത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് മാനേജർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Kerala
കൊച്ചി: കേരളത്തെ നടുക്കിയ വർക്കല ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി ജീവിതത്തിലേക്ക് മടങ്ങുന്നു.
മാസങ്ങളോളം നീണ്ട തീവ്രപരിചരണത്തിനും ചികിത്സയ്ക്കും ശേഷം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ച ശ്രീക്കുട്ടി ഡിസ്ചാർജ് ആയി.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സയ്ക്ക് ശേഷം ഡിസംബർ 25നാണ് ശ്രീക്കുട്ടിയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിനേറ്റ ഗുരുതര ക്ഷതം കാരണം ബോധമില്ലാതെയും ശ്വസിക്കാനും ബുദ്ധിമുട്ടിയിരുന്ന അവസ്ഥയിലായിരുന്നു അന്ന്. കൂടാതെ ഇടതു തോളിനും പരിക്കേറ്റിരുന്നു.
അമൃത ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (PMR) വിഭാഗം മേധാവി ഡോ. രവി ശങ്കരൻ, ഡോ. ആനന്ദ് രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടർചികിത്സ. ശ്വസനത്തിനായി ട്രക്കിയോസ്റ്റമിയും ഭക്ഷണത്തിനായി ട്യൂബും ഘടിപ്പിച്ചു.
ന്യൂറോ റീഹാബിലിറ്റേഷൻ പദ്ധതിയുടെ ഭാഗമായി, ഓക്സിജൻ തെറാപ്പി, ശ്വസന വ്യായാമങ്ങൾ, ഭക്ഷണം സ്വയം വിഴുങ്ങാനുള്ള പരിശീലനം (Swallow Therapy), ഓർമശക്തിയും ചിന്താശേഷിയും ഉണർത്താനുള്ള ചികിത്സകൾ (Cognitive Stimulation), ചലനശേഷി പടിപടിയായി വീണ്ടെടുക്കാനുള്ള പരിശീലനം എന്നിവയുൾപ്പെടെയുള്ള ചിട്ടയായ ചികിത്സാ രീതികളാണ് ശ്രീക്കുട്ടിക്ക് നൽകിയത്.
ഇഎൻടി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി, എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎന്ററോളജി വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ശ്രീക്കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ഇപ്പോൾ തനിയെ ഭക്ഷണം കഴിക്കാനും, നടക്കാനും, സംസാരിക്കാനുമുള്ള ശേഷി വീണ്ടെടുത്തതും ശ്രീക്കുട്ടിയും കുടുംബവും വലിയ അത്ഭുതമായാണ് കാണുന്നത്. ശ്രീക്കുട്ടിയുടെ ചികിത്സാ കാലയളവിലുടനീളം തണലായി കൂടെയുണ്ടായിരുന്നത് അമ്മ പ്രിയയാണ്. മകളുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരുന്ന പാലോട്ടെ വീട് ഇപ്പോൾ അതീവ സന്തോഷത്തിലാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ശ്രീക്കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. മാതാ അമൃതാനന്ദമയി മഠമാണ് ചികിത്സാ ചിലവുകൾ പൂർണമായും ഏറ്റെടുത്തത്. ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന വിദഗ്ധ ചികിത്സ സൗജന്യമായി ആണ് മഠം ലഭ്യമാക്കിയത്.
2025 നവംബർ ആദ്യവാരം കേരള എക്സ്പ്രസിൽ യാത്ര ചെയ്യവേ ലഹരിക്കടിമയായ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ടതോടെയാണ് ശ്രീക്കുട്ടിയുടെ ജീവിതം തകിടം മറിഞ്ഞത്. എന്നാൽ തളരാത്ത പോരാട്ടവീര്യവുമായി തിങ്കളാഴ്ച അവൾ തന്റെ പ്രിയപ്പെട്ട പാലോടേക്ക് മടങ്ങി.
നിലവില് തനിയെ ഭക്ഷണം കഴിക്കാനും നടക്കാനും സംസാരിക്കാനുമുള്ള ശേഷി ശ്രീക്കുട്ടി വീണ്ടെടുത്തു. കൈക്ക് ശസ്ത്രക്രിയ വേണ്ടതിനാല് അടുത്ത മാസം അമൃതയിലേക്കുതന്നെ തിരിച്ചു വരുമെന്നു ശ്രീക്കുട്ടിയുടെ അമ്മ പ്രിയ മാധ്യമങ്ങളോടു പ്രതികരിച്ചു. ഇനി മലപ്പുറത്തെ ആയുര്വേദ ആശുപത്രിയിലേക്കാണ് ശ്രീക്കുട്ടിയെ കൊണ്ടു പോവുന്നതെന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമര്പ്പിക്കുമെന്നും പ്രിയ അറിയിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ സീറ്റ് സിപിഎം ഏറ്റെടുക്കാൻ സാധ്യത. ജനാധിപത്യ കേരള കോൺഗ്രസ് കഴിഞ്ഞ തവണ വിജയിച്ച സീറ്റാണ് തിരുവനന്തപുരം സെൻട്രൽ.
തൊണ്ടിമുതൽ കേസിൽ ആന്റണി രാജു അയോഗ്യനായ സാഹചര്യത്തിലാണ് നിർണായക നീക്കം. ജനതാദൾ മത്സരിച്ച കോവളം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം തിരുവനന്തപുരം ജില്ലയിലെ10 നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതിടത്തും സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ നീക്കം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി.ജോയ് വീണ്ടും മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടിയിൽ ഭിന്നാഭിപ്രായമുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച ചർച്ചയുണ്ടാകും.
Kerala
വര്ക്കല: വർക്കലയിൽ എംഡിഎംഎ പിടികൂടിയതിനെ തുടർന്ന് അറസ്റ്റിലായ പ്രതികളുടെ വാഹനത്തിൽ നിന്ന് 500ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി. വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ അഴിച്ച് നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയത്.
പാരിപ്പള്ളി എഴിപ്പുറം സ്വദേശി ഷേക്ക് അഹമ്മദ്, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഷാഫി എന്നിവരെ ജനുവരി 22ന് പുലർച്ചെ ഡാൻസാഫ് സംഘം നടത്തിയ വാഹന പരിശോധനയിൽ ഒന്നര ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു.
ഡൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാറിലായിരുന്നു പ്രതികൾ സഞ്ചരിച്ചിരുന്നത്. ഇതിന് പിന്നാലെ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പ്രതികളെ പള്ളിക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന ലഹരി ശേഖരത്തെ കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് പോലീസ് വാഹനത്തിനുള്ളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മെക്കാനിക്കിനെ എത്തിച്ച് വാഹനത്തിന്റെ ഭാഗങ്ങൾ അഴിച്ച് നടത്തിയ പരിശോധനയിലാണ് മ്യൂസിക് സിസ്റ്റത്തിന്റെ പിൻഭാഗത്തുള്ള രഹസ്യ അറയിൽ സൂക്ഷിച്ച 500ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം : വർക്കലയിൽ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവർ മരിച്ചു. കൊല്ലം നെടുങ്ങാവ് സ്വദേശി അനീഷാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ചെറു ന്നിയൂർ വെള്ളിയാഴ്ച കാവ് ക്ഷേത്രത്തിനു സമീപമായി രുന്നു അപകടം.
കുന്ന് ഇടിച്ചു മാറ്റുന്നതിനിടെ ജെസിബിയുടെ മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണിനടിയിൽ അകപ്പെട്ടുപോയ അനീഷിനെ ഫയർ ഫോഴ്സ് സംഘം എത്തി പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: വർക്കലയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് കുത്തേറ്റു. വർക്കല പാപനാശത്തുണ്ടായ സംഭവത്തിൽ സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്.
പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വക്കം സ്വദേശിയായ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: വര്ക്കലയില് പത്താം ക്ലാസ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയില് കണ്ടെത്തി.
അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില് ഋഷികയെയാണ് വീടിനുള്ളില് കിടപ്പുമുറിയില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. കടക്കാവൂര് ഗവണ്മെന്റ് ഹയര്സെക്കൻണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് ഋഷിക.
വര്ക്കലയിലെ സ്വകാര്യആശുപത്രിയില് സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോര്ട്ടം നടപടികള്ക്ക് ശേഷം വീട്ടുവളപ്പില് സംസ്കരിക്കും.
Kerala
തിരുവനന്തപുരം: 93ാമത് ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കം. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തും. സമ്മേളനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ഗവർണർ രാജേന്ദ്ര ആർലേക്കർ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രാജേഷ് തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും. ജനുവരി ഒന്ന് വരെയാണ് തീർഥാടനം.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ വരും ദിവസങ്ങളിൽ സമ്മേളനത്തിൽ പങ്കെടുക്കും.
Kerala
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം അകത്തുമുറിയിൽ വന്ദേഭാരത് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. ഡ്രൈവർ മദ്യലരിയിൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചുകയറ്റിയ ഓട്ടോറിക്ഷയാണ് അപകടമുണ്ടാക്കിയത്.
അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ പണി നടക്കുന്നതിനാൽ റോഡിൽ നിന്നും വാഹനം ഓടിച്ച് പ്ലാറ്റ്ഫോമിൽ കയറ്റാൻ കഴിയുന്നതാണ്. ഓട്ടോറിക്ഷ ഡ്രൈവർ ഇത്തരത്തിൽ പ്ലാറ്റ്ഫോമിലേക്ക് കയറ്റിയ വാഹനമാണ് അപകടമുണ്ടാക്കിയത്.
ട്രെയിൻ വരുന്പോൾ വാഹനം റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് പ്രതി ഇറങ്ങി ഓടിയതായാണ് ലഭിക്കുന്ന വിവരം. ഇയാൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് ആണ് അപകടത്തിൽപെട്ടത്.
ഓട്ടോറിക്ഷ ട്രാക്കിൽ കണ്ട ലോക്കോ പൈലറ്റ് ഉടൻ വേഗം കുറച്ചു. ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന്
ഓട്ടോയുമായി ട്രെയിൻ അൽപ ദൂരം മുന്നോട്ട് നീങ്ങി. അപകടത്തെ തുടർന്ന് ഒരു മണിക്കൂർ ട്രെയിൻ പിടിച്ചിട്ടിരുന്നു.
Kerala
തിരുവനന്തപുരം: 93-ാമത് ശിവഗിരി തീർഥാടനത്തോട് അനുബന്ധിച്ച് ഡിസംബർ 31ന് രണ്ട് താലൂക്കുകളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചിറയിൻകീഴ്, വർക്കല താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. ഡിസംബർ 30 മുതൽ ജനുവരി ഒന്നു വരെയാണ് ശിവഗിരി തീർത്ഥാടനം.
Kerala
തിരുവനന്തപുരം: വർക്കലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച റിസോർട്ട് ജീവനക്കാർ അറസ്റ്റിൽ. ഇടുക്കി ഏലപ്പാറ സ്വദേശി ജിജോ, വർക്കല സ്വദേശി ബിജിത്ത്, നെയ്യാർഡാം സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്.
വർക്കല സ്കൈ ലാർക് റിസോർട്ടിലെ ജീവനക്കാരാണ് അറസ്റ്റിലായവർ. ഇന്ന് പുലർച്ചെ മേൽവെട്ടൂർ ജംഗ്ഷനിലാണ് സംഭവം. മേൽവെട്ടൂർ ജംഗ്ഷനിൽ പ്രതികൾ യാത്രക്കാരെ ഉപദ്രവിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.
പ്രതികൾ പോലീസ് ഉദ്യോഗസ്ഥരുടെ മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സുജിത്ത് എന്ന പോലീസ് ഉദ്യോഗസ്ഥന് ചെവിക്കും കവിളെല്ലിനും പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതികൾ പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം വലിച്ചു കീറുകയും, ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ഇതേ തുടർന്ന് സംഭവസ്ഥലത്തേക്ക് കൂടുതൽ പോലീസ് സംഘമെത്തി പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു.
Kerala
തിരുവനന്തപുരം: വര്ക്കല ക്ലിഫിൽ വൻ തീപിടുത്തം. നോര്ത്ത് ക്ലിഫിലെ റിസോര്ട്ടിലാണ് വൻ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ റിസോര്ട്ട് പൂര്ണമായും കത്തി നശിച്ചു.
നോര്ത്ത് ക്ലിഫിലെ കലയില റിസോര്ട്ടിലാണ് തീപിടിത്തമുണ്ടായത്. റൂമിൽ വാടക്ക് താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവര് ഓടി രക്ഷപ്പെട്ടു.
സംഭവത്തിൽ ആര്ക്കും പരിക്കില്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Kerala
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പാപനാശം തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് അവർ തന്നെ മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു. തുടര്ന്ന് ടൂറിസം പോലീസ് എത്തി വർക്കല സ്റ്റേഷനിലും അയിരൂർ സ്റ്റേഷനിലും വിവരമറിയിച്ചു. ഈ രണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലും കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കും.
ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ക്വസ്റ്റ് നടപടികള്ക്കുശേഷം മൃതദേഹം മോര്ച്ചറിയിലേക്ക് മാറ്റും.
Kerala
കോട്ടയം: യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ അറസ്റ്റിലായ പനച്ചമൂട് സ്വദേശി സുരേഷ്കുമാറിനെ കോട്ടയത്തെത്തിച്ച് തെളിവെടുത്തു. സംഭവദിവസം പ്രതി കേരള എക്സ്പ്രസിൽ കയറിയത് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ്.
പ്രതി മദ്യപിച്ച അതിരമ്പുഴയിലെ ബാറിലും തെളിവെടുപ്പ് നടത്തി. കഴിഞ്ഞ രണ്ടിന് രാത്രിയിൽ വർക്കല റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചാണ് പ്രതി യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ പേയാട് സ്വദേശിനി ശ്രീക്കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം നടത്തിയ തിരിച്ചറിയൽ പരേഡിൽ യുവതിയുടെ സുഹൃത്ത് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പ്രതി ട്രെയിനിൽ പുകവലിച്ചത് ശ്രീക്കുട്ടി ചോദ്യം ചെയ്തിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ ഇയാൾ യുവതിയെ തള്ളിയിടുകയായിരുന്നു.
Kerala
തിരുവനന്തപുരം: ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടകേസിൽ അറസ്റ്റിലായ പ്രതിയുടെ തിരിച്ചറിയല് പരേഡ് നടത്തി. പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ തിരിച്ചറിയല് പരേഡിൽ യുവതിയുടെ സുഹൃത്ത് പ്രതി സുരേഷ് കുമാറിനെ തിരിച്ചറിഞ്ഞു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നിയോഗിച്ച സമിതിയും യുവതിയുടെ സുഹൃത്ത് അർച്ചനയും പ്രതിയും മാത്രമാണ് തിരിച്ചറിയല് പരേഡിൽ പങ്കെടുത്തത്. തിരിച്ചറിയൽ പരേഡിനു ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ട്രെയിനിലും കോട്ടയത്ത് ഇയാൾ മദ്യപിച്ച ബാറിലും എത്തിച്ച് തെളിവെടുക്കും.
ആക്രമണത്തിൽ പരിക്കേറ്റ യുവതി ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടിന് കേരള എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ പ്രതി പുകവലിച്ചു. ഇത് യുവതി ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.
Kerala
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനില് നിന്ന് അക്രമി ചവിട്ടിതള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല് കോളേജ് ആശുപത്രി അധികൃതര്. നിലവിൽ ക്രിട്ടിക്കല് കെയര് ഐസിയുവില് വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി.
അതേസമയം ആരോഗ്യനില കൂടുതല് വഷളാകാത്തതിനാല് ഡോക്ടര്മാര് പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട്. രണ്ട് ദിവസം ഇതേ സ്ഥിതി തുടര്ന്നാല് പതിയെ മെച്ചപ്പെടുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അബോധാവസ്ഥയിലാണെങ്കിലും ഇടയ്ക്ക് കൈകാലുകള് അനക്കാന് ശ്രമിച്ചു. വീഴ്ചയുടെ ആഘാതത്തില് തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്സോണല് ഇന്ജുറിയുണ്ടായെന്നാണ് ഡോക്ടര്മാര് വിലയിരുത്തുന്നത്.
Kerala
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട കേസിൽ അറസ്റ്റിലായ പ്രതി സുരേഷ് കുമാറിന്റെ തിരിച്ചറിയിൽ പരേഡ് നടത്തും. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വെച്ചായിരിക്കും തിരിച്ചറിയിൽ പരേഡ്.
ഞായറാഴ്ച രാത്രിയിലാണ് കേരള എക്സ്പ്രസിൽ തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന യുവതിയെ പ്രതി സുരേഷ് കുമാര് പുറത്തേയ്ക്ക് തള്ളിയിട്ടത്. തള്ളിയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ഈ ദൃശ്യങ്ങളടക്കമുള്ള ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.
Kerala
തിരുവനന്തപുരം: ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കലയിൽ നടന്ന സംഭവത്തിൽ തിരുവനന്തപുരം വെള്ളറട സ്വദേശി സുരേഷ്കുമാറാണ് പിടിയിലായത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊച്ചുവേളിയിൽ നിന്ന് പിടിയിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്. യുവതിയുടെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.
ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. വർക്കലയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.